Tuesday, November 29, 2011



ഓരോ ക്ലിക്കിലും ഓരോ ഭാവങ്ങള്‍..ഇവന്‍ വെറും പട്ടിയല്ല..പുലിയാ..പുപ്പുലി..
അയലത്തുള്ള കൊപ്പാറയില്‍ വീട്ടിലെ (കൊപ്പാറയില്‍ ജ്യൂവലേര്സ് ) വളര്‍ത്തു പട്ടി..
ഫോട്ടോ തേടി അലഞ്ഞപ്പോള്‍ കിട്ടിയതാ ഇവനെ മുന്‍പില്‍..
കൊടുത്തു ഒരു 50 ക്ലിക്ക് ഉടന്‍..എന്നിലെ ഫോട്ടോഗ്രാഫറെ ആദ്യമായി അംഗീകരിച്ച മോഡല്‍..
ഒരക്ഷരം പറയാതെ പല ഭാവങ്ങള്‍..ഞാന്‍ ധന്യനായ ദിവസം..




Kozhikod Beach , Kerala ,April 2011 


മൂകാംബികയില്‍ നിന്നും മടങ്ങും വഴി 5 മിനുറ്റ് വിശ്രമിക്കാന്‍ ഇറങ്ങിയതാണ് കോഴിക്കോട് ബീച്ചില്‍..
പക്ഷെ കടലും കടല്‍ തീരവും കണ്ടാല്‍ മടങ്ങാന്‍ വയ്യാത്ത ചാരുംമൂടന്സിന്റെ ശീലം അവിടെയും ആവര്‍ത്തിച്ചു..
മണിക്കൂറുകള്‍ക്കു ശേഷം അവിടെ നിന്നും മനസ്സില്ലാ മനസ്സോടെ യാത്ര പറയുമ്പോള്‍ നേരം ഇരുട്ടിയിരുന്നു..
അന്ഷാദിന്റെ സണ്‍ലൈറ്റ് പട്ടം ഞങ്ങള്‍ മടങ്ങുമ്പോഴും മുകളില്‍ എവിടെയോ ലക്‌ഷ്യം ഇല്ലാത്ത യാത്രയിലായിരുന്നിരിക്കും..


Tree  Of  Life , Bahrain 2010


നിനച്ചിരിക്കാതെ കിട്ടിയ ഒരു അവധി ദിനത്തില്‍ ഉണ്ണിച്ചേട്ടനും ഷിനുവിനും ഒപ്പം പോയപ്പോള്‍ കിട്ടിയത്..
മരുഭൂമിയിലെ വിജനതയില്‍..കൊടും ചൂടില്‍..വര്‍ഷങ്ങളായി അതിജീവനത്തിന്റെ പോരാട്ടം നടത്തുന്ന
അത്ഭുത മരത്തെക്കാണാന്‍ കൌതുകത്തോടെയാണ് ചെന്നത്..ബൈക്കില്‍ സര്‍ക്കസ്സു കാണിക്കുന്ന അറബി പിള്ളേരും അവധി ആഘോഷിക്കാനെത്തിയ വിദേശികളും ഐസ്ക്രീം കച്ചവടക്കാരും..ആകെ ശബ്ദ മുഖരിതമായ അന്തരീക്ഷം..നിശബ്ദ വിപ്ലവം കാണാന്‍ പോയ ഞാന്‍ ഒരു ഉത്സവപ്പറമ്പില്‍ എത്തിപ്പെട്ട അവസ്ഥ..വളഞ്ഞും പടര്‍ന്നും പന്തലിച്ച മരക്കൊമ്പുകളില്‍ എത്തി വലിഞ്ഞു കയറി ഫോട്ടോക്ക് പോസ്സു ചെയ്യുന്നവര്‍ക്ക് വേണ്ടി പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും മാറി നില്‍ക്കലായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി..ഐസ്ക്രീം കഴിച്ചു മടങ്ങാം എന്ന ഭൂരിപക്ഷ അഭിപ്രായം മാനിച്ചു തിരികെ ഇറങ്ങുമ്പോള്‍ ഉണ്ണിചേട്ടന്റെ D90 മേടിച്ചു പകര്‍ത്തിയ ഫോട്ടോ..നാട്ടില്‍ ചെന്ന് കൂട്ടുകാരാട് ഞാനും കണ്ടു 'ട്രീ ഓഫ് ലൈഫ്' എന്ന് പറയാന്‍ വേണ്ടി..






മനോഹരമായി സൂക്ഷിക്കുന്ന ഒരു വീടിന്റെ ഷോകേസിലേക്ക് വെറുതെ ക്ലിക്ക് ചെയ്തപ്പോള്‍ കിട്ടിയത്..
സജുചേട്ടനും കുടുംബത്തിനും നന്ദി..
Bahrain November 2010

Sunday, November 27, 2011



എന്റെ ഫ്ലാറ്റ്..നവംബറില്‍ അപ്രതീക്ഷിതമായി പെയ്ത മഴയുടെ പിറ്റേന്ന് എടുത്ത ഫോട്ടോ..
ഇവിടുത്തെ ജീവിതം നാളത്തെ സുന്ദരമായ ഓര്‍മകളില്‍ ഉണ്ടാകുമെന്ന് ഉറപ്പ്..
കടല്‍ തീരത്ത് തീ കൂട്ടി മീന്‍ ചുട്ടു തിന്ന തണുത്ത നവംബര്‍-ഡിസംബര്‍ മാസങ്ങളെ എങ്ങനെ മറക്കും..
കടലില്‍ ചാടി അറബി ഉണ്ടാക്കി വെച്ച കൂട് തകര്‍ത്തു പിടക്കുന്ന മീനുമായി കരയിലേക്ക് നീന്തി വരുന്ന സുനിലിനെ എങ്ങനെ മറക്കും..രാജീവ്‌ കൊച്ചാട്ടനും, ശ്രീജിത്ത്‌ ചേട്ടനും, ജിജോ ചേട്ടനും കുടുംബവും, പ്രശാന്തും, ഷമീറും(ഷേക്ക്‌),സുനിലും,പിന്നെ ഞാനും.. കപ്പയും മീനും കൂട്ടി നാവിനാഘോഷമാക്കിയ രാത്രിയെ എങ്ങനെ മറക്കും..
(രണ്ടാം നിലയിലെ വെട്ടമില്ലാത്ത ഫ്ലാറ്റില്‍ ആണ് എന്റെ താമസം..കറണ്ടിന്റെ വില മലയാളിക്കല്ലേ അറിയൂ..)


ബഹറിനിലെ പ്രശസ്ത നര്‍ത്തകനും നൃത്താധ്യാപകനുമായ ഭരത്ശ്രീ രാധാകൃഷ്ണന്റെ മകളും
വളര്‍ന്നു വരുന്ന കലാകാരിയുമായ നന്ദ രാധാകൃഷ്ണന്‍..
ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാള്‍, സെപ്റ്റംബര്‍ 2011 



ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണം 2011 ആഘോഷ പരിപാടികളുടെ  ഭാഗമായി നടന്ന 
നൃത്താവിഷ്ക്കാരത്തിന് വേണ്ടി സ്റ്റേജ്നു മുന്‍പില്‍ ഒരുക്കിയ അത്തപ്പൂക്കളത്തിന്റെ മുകള്‍ ഭാഗം..(ഫോട്ടോക്കുഴിയില്‍(ജോയലിന്റെ ഭാക്ഷ) നിന്നും ഇത്രയൊക്കെയേ എത്തിവലിഞ്ഞ് എടുക്കാന്‍ പറ്റിയുള്ളൂ..)

സൈക്കിള്‍ ടയറിനിടയിലൂടെ ഒരു ബഹ്‌റൈന്‍ കാഴ്ച..വെറുതെ എടുത്തു നോക്കിയതാ..
കുഴപ്പമില്ലാന്ന് തോന്നിയത് കൊണ്ട് പോസ്റ്റുന്നു..( Bahrain October 2011 )



ഉണ്ണിച്ചേട്ടനും ജേക്കബ്‌ അച്ചായനും അനുരാജും രോഷിതും കിരണും ഷിജിത്തും ലിജുവും


സിബിനും പിന്നെ നമ്മുടെ സ്വന്തം സുനിലും എന്റെ ഫ്ലാറ്റില്‍ ഒത്തുചേര്‍ന്നതിന്റെ

ഓര്‍മ്മച്ചിത്രം..ഷിജിത്തിന്റെ ഫോട്ടോ ഭ്രാന്ത് ഇങ്ങനെ ഒരു ഫോട്ടോക്ക് കാരണമായി

എന്നതാണ് സത്യം.. ബഹ്‌റൈന്‍ സൌഹൃദത്തിന്റെ ഓര്‍മ്മചിത്രമാണിത്..

( Bahrain September 2011 )

Sunday, September 25, 2011


കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ കിട്ടിയത്..
പ്രദീപ് ചേട്ടന്റെ പുതിയ വീട് കാണാനും കൂടെ ഒരു നാടന്‍ യാത്രയും ലക്‌ഷ്യം ആക്കി 
കല്ലിശേരിക്കാവ് വഴി നടന്നപ്പോള്‍ പഴയതൊക്കെയും കണിക്കൊന്നയെക്കാള്‍  തെളിച്ചത്തില്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് പോലെ..എന്റെ നാട്ടില്‍ ആദ്യമായി TV മേടിച്ചത് പ്രദീപേട്ടന്റെ വീട്ടില്‍ ആയിരുന്നു..ആ അല്ഭുതപ്പെട്ടിയില്‍ തെളിയുന്ന മഹാഭാരതം കാണാന്‍ ഞാനും വിനോട്ടനും ജിത്തും വിദ്യയും കല്ലുശേരിക്കാവ് വഴി എത്ര നടന്നിരിക്കുന്നു..കൊട്ടക്കയും ആഞ്ഞിലിക്കയും കുളമാങ്ങയും തിന്നു നടന്ന ബാല്യം മറക്കാനാകുമോ?എന്റെ ബ്ലോഗില്‍ 'മരോട്ടിക്ക' കടന്നു കൂടിയതും ബാല്യത്തിന്റെ
ഓര്‍മ്മകള്‍ ഇല്ലാതെ ജീവിതം അസാധ്യമെന്നതുകൊണ്ടുതന്നെ..

പ്രദീപേട്ടന്റെ വീടും മുറ്റത്തു വിഷു കാത്തു നില്‍ക്കുന്ന കണിക്കൊന്നയും..
                                    Charummood , Mavelikkara Taluk , Kerala ..April 2011 



മൂന്നു വശവും കടലാല്‍ ചുറ്റപ്പെട്ട മുരുടെശ്വര്‍ അമ്പലത്തിനു സമീപം
തിരക്കിട്ട ജോലിക്ക് ശേഷം വിശ്രമം കൊള്ളുന്ന മീന്‍ ബോട്ടുകള്‍ ...
അഴകായി വര്‍ണ്ണക്കൊടികള്‍..
അധ്വാനമാണ് വലിയ ഭക്തി..

എവിടെപ്പോയാലും ഒരുമിച്ചു ഒരു കൂട്ടം..
 സൌഹൃദത്തെ കുറിച്ച് സംസാരിക്കുമ്പോള്‍
പരിഹസ്സിക്കുന്നവരെ ഞാന്‍ എന്റെ നാട്ടിലേക്ക്
ക്ഷണിക്കുകയാണ്..ഒരു സുപ്രഭാതത്തില്‍ കൂട്ട് കൂടിയവര്‍ അല്ല
ആരും..അതുകൊണ്ടാവും ഒരു സുപ്രഭാതത്തില്‍ പൊടിയും തട്ടി
ആര്‍ക്കും പിരിഞ്ഞു പോകാനും ആകാത്തത്..
(ചരുംമൂടന്‍സ് ഫോര്‍ട്ട്‌ കൊച്ചിയില്‍..)

എന്റെ സേഫ്റ്റി ഷൂസ്..
ഹിദ്ദിലെ ഫ്ലാറ്റില്‍ വിശ്രമത്തില്‍..
ക്ഷീണിതന് ഇനിയും  കുറെ ദൂരം യാത്ര ചെയ്യേന്ടിയിരിക്കുന്നു..


ഒരു ഓഫീസ് കാഴ്ച ..ഒരു ഗള്‍ഫ്‌ എയര്‍ വിമാനം
ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുന്നു..
സൂര്യനെ തഴുകി ചുംബിച്ചു ഭൂമിയിലേക്ക്‌..


ഒരു ഓഫിസ് കാഴ്ച..മുറിച്ചു മുറിച്ചു മൂലയ്ക്ക് നിന്ന്
തന്നെ 'വീമാനം' പറത്തി..ഹല്ലാ പിന്നെ..

Bahrain 23 September 2011


ബഹറിനില്‍ വീണ്ടും കലാപത്തിന്റെ ചില സൂചനകള്‍..


ചെറിയ പൊടിക്കാറ്റും ശാന്തമായ കടലും നിശബ്ദമായി സമരം ചെയ്യും പോലെ..

ഇന്നലത്തെ(23/09/2011) ബോറന്‍ ദിവസം കുറച്ചെങ്കിലും സജീവമായത് ഇങ്ങനെ ഒരു കാഴ്ച

കണ്ടതിനു ശേഷമാണ്..ഇനിയും എത്രയോ മികച്ചതാക്കാമായിരുന്ന ഒരു ദൃശ്യം അനുഭവത്തിന്റെയും

അറിവിന്റെയും കുറവ് കൊണ്ട് നന്നായി പകര്‍ത്താന്‍ കഴിയാഞ്ഞതില്‍ എല്ലാ സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നു..


Sunday, June 19, 2011

ബുദ്ധന്‍..


                                                          ബുദ്ധന്‍ ജനിച്ചു..ചിരിച്ചു..


                                                                 എന്നേ മരിച്ചു..